നിന്നിലേക്കുള്ള പാതകള്‍

(സ്മിതിന്‍ സുന്ദര്‍)



ജന്മാന്തരങ്ങൾക്കകലെ നിന്ന് നിന്നിലേക്കൊരു പാതയിടും. ഇരുട്ടിന്റെ കളകള്‍ വെട്ടിമാറ്റി ,
ആകാശത്തു മുളച്ച നിലാവിന്റെ തൈകള്‍
കൊണ്ടാ പാതയലങ്കരിക്കും,
കാര്‍മേഘങ്ങള്‍ക്കിടയില്‍ വേനല്‍ പൂണ്ട
നക്ഷത്ര വിത്തുകള്‍ ശേഖരിച്ചു ഞാനാ
പാതയിൽ പാകും .

പാതയ്ക്കപ്പുറം നീയും ഇപ്പുറം ഞാനും
നിന്ന് മൗനം കൈമാറും .

ഞാന്‍ പാകിയ വിത്തുകള്‍ മുളച്ചു
നക്ഷത്രക്കുഞ്ഞുങ്ങള്‍ തളിർക്കും .
നിലാവിന്‍ വേരുകള്‍ പാതയോരത്തെ ഇരുട്ടിന്‍ നഗ്നതയിൽ വിരലുകളോടിക്കും;

പാതയില്‍ നിലാവില്‍ വസന്തം കിനിയും .
വെള്ളി നിലാവിന്‍ നൂലുകളിലൂടെ മിന്നാമിന്നികള്‍
ഞാന്നിറങ്ങുന്ന രാവിൽ നിന്നെത്തേടി ഞാനെന്റെ യാത്ര തുടങ്ങും
 എനിക്കായ് നീ കാത്തു വെച്ച തളികയില്‍ പ്രണയം നുകരുവാന്‍ യുഗങ്ങള്‍ക്കകലെ നിന്നും ഞാനെത്തും ;

ഇടയില്‍ ജനി മൃതികള്‍ പലതും മിന്നി മാഞ്ഞെന്നാലും
യാത്ര നിന്നിലേക്കുതന്നെയാവും



  ഫേസ്ബുക്ക്:    https://www.facebook.com/smithin.sundar


2 comments: