കണ്ണാടിപ്രതിഷ്ഠാമഹാത്മ്യം അഥവാ ഒരു ചങ്ങാതിയുടെ പ്രയോജനപരത

(ഹരിശങ്കരനശോകന്‍ )



നിഷ്കളങ്കത ഒരു പാപമാണെന്ന പാഠം
അദൃശ്യമായൊരു പള്ളിക്കൂടസഞ്ചി പോലെ
നമ്മളിങ്ങനെ ചുമക്കുകയാണല്ലോ
എന്ന്
വ്യസനിക്കുവാനും
അനുബന്ധമായ് ചിലത് പറയുവാനും കൂടിയാണ്
ഞാനിപ്പോൾ നിന്നെ
വിളിച്ചുണർത്തിയത്.



എനിക്കിപ്പോൾ തോന്നിക്കൊണ്ടിരിക്കുന്നതെന്തെന്നാൽ
നിനച്ചിരിക്കാത്ത വരവുകളാൽ ആനന്ദിപ്പിക്കുന്ന
ഒരു സംഘം പാവത്തുങ്ങളുടെ ചന്തമുള്ള മണ്ടത്തരങ്ങളാലല്ലാതെ
എപ്പോഴുമെപ്പോഴും വേണമെന്ന് തോന്നുന്ന
ആ ഒരു ഇതുണ്ടല്ലോ-
അത് സംഭവിക്കുകയില്ല എന്നാണ്.



ഒരു പക്ഷേ
ഇത് എന്റെ ഒരു തെറ്റിദ്ധാരണ ആയിരിക്കാം,
എന്നാൽ തന്നെയും ചില നേരങ്ങളിൽ
തടിയൻ മാക്രിയെ തേടിയിറങ്ങുന്ന കൊതിയൻ ചേരയെ പോലെ
ആ ഒരു ഇതുള്ളവരുടെ
സാമീപ്യങ്ങൾക്കായി
തിരഞ്ഞിറങ്ങാറുണ്ട്.



തുനിഞ്ഞിറങ്ങുമ്പോഴൊക്കെയും
ചതിക്കപ്പെടാതിരിക്കുവാനായി മുൻ‌കൂട്ടി ചതിവുകൾ ചെയ്യുന്നവരുടെ മണ്ഡലങ്ങളിലേക്കങ്ങനെ
എത്തിച്ചേരുകയാണ്.
അത്തരം സഞ്ചയങ്ങൾക്കിടയിലൂടെയുള്ള യാത്രകൾ
അത്രയും
ആവേശഭരിതമായ സ്മരണകളായി പരിണമിക്കുമ്പോഴും
ഫലത്തിൽ വ്യർത്ഥമാകുന്നു.


വ്യർത്ഥതയോ?
അത്ര വേണ്ടായിരുന്നു.
നിന്നോടായത് കൊണ്ട് ഒരു തുടർച്ചകൊണ്ടതിനെ അസാധുവാക്കാമെന്ന് തോന്നുന്നു.
ആയതിലേക്ക്-
ഫലത്തിൽ
ഒന്നിനും
വ്യർത്ഥതയാവാനാവില്ല-
എന്നിങ്ങനെ കുത്തിത്തിരുകുന്നു.



ഖേദകരമായ മറ്റൊരു കാര്യം.
അല്ലെങ്കിലതു തന്നെയാണ് പറഞ്ഞറിയിക്കാൻ ഇച്ഛിക്കുന്ന ഏറ്റവും ‌‌‌_________________ അവസ്ഥ.
വല്ലയിടത്തുമൊക്കെ നടക്കുമ്പോഴോ
ഇരിക്കുമ്പോഴോ ഒക്കെ
നമ്മുടെ സഹജീവികളിൽ ചിലർ
ആദ്യം പറഞ്ഞ
ആ ഒരു ഇതുള്ളവരുടെ
സാമീപ്യത്തിനായി
തിരഞ്ഞു നടക്കുന്നതായ് കാണുകയും
അവരെന്നെ കാണുകയും
അവരുടെയുള്ളം
‘ചതിക്കപ്പെടാതിരിക്കുവാനായി മുൻ‌കൂട്ടി ചതിവുകൾ ചെയ്യുന്നവരിൽ നിന്നുമൊരാൾ കൂടി’
എന്ന് വ്യസനിക്കുകയും
വ്യർത്ഥത എന്ന വാക്ക് തെറ്റായി ഉപയോഗിക്കുകയും ചെയ്യുന്നു.
അസഹനീയത എന്ന വാക്ക് ശരികേടില്ലാതെ തന്നെ ഇത്തരം അവസ്ഥകളെ
വ്യഭിചരിക്കുവാൻ ഉപയോഗിക്കാമെന്ന് ഏതാണ്ട്‌ ഉറപ്പുള്ളതായ് തോന്നുന്നുണ്ട്.



ഒരാളെ വിളിച്ചുണർത്തി
ഇങ്ങനെയൊക്കെ
ഇമ്മാതിരി
സംസാരം
സംസാരിക്കുന്നത്
അവരാതമാണെന്നറിയാം.
തൂങ്ങിപ്പിടിച്ച നിന്റെ കണ്ണുകളും
കോട്ടുവായകളും
ഒലിച്ചിറങ്ങുന്ന ഈത്തയും
ചുരുണ്ടുകൂടലും
ദർശിക്കുവാനാണ്
അത്രയധികമൊന്നുമില്ലെങ്കിലും ഇത്രയിടം വരെ വന്നത്.



‘ഇതൊന്നുമത്ര പ്രശ്നമുള്ള വിഷയമല്ല
അഥവാ
നിനക്ക് കുത്തിക്കഴയാണ്‘
എന്ന്
നിന്റെ മുഖത്തു നിന്നും വായിക്കുവാനാണ് ബുദ്ധിമുട്ടിച്ചത്.

കുന്തം മിണുങ്ങി അന്തം വിടണമെന്നില്ല.
നേരം കുറച്ച്  കഴിയുമ്പോൾ മാറിയ്ക്കോളും.
എന്നാലങ്ങനെയാകട്ടെ,
ഞാനിറങ്ങുന്നു.
എങ്കിൽ പിന്നെ ഉറങ്ങിക്കോളൂ.
ശുഭദിനം.
സുഖദസ്വപ്നങ്ങൾ.

No comments:

Post a Comment