അനാദിയിലെ രണ്ടുപേർ


(അയ്യപ്പന്‍ ആചാര്യ)


നിന്റെ ഒരു നിമിഷത്തെ,
ഹൃദയത്തിൽ നിന്നും,
മിഥുനരാശിയിലെ
നാഗനക്ഷത്രത്തിലേയ്ക്ക്
വലിച്ചുകെട്ടുക.
ഈ നക്ഷത്രം ഞാനാണ്!
ഇപ്പോൾ സമയത്തോടൊപ്പം,
എന്റെതുടിപ്പുകൾ
നിന്നിലേയ്ക്ക്
ഇഴഞ്ഞടുക്കുകയാണ്.

എനിക്കും നിനക്കുമിടയിൽ
ഒരു നക്ഷത്രദൂരമുണ്ടെന്ന്
ഇതിനർത്ഥമില്ല;
ഒരു നിമിഷംകൊണ്ട്
നിനക്കെന്നിലേയ്ക്കെത്താമെന്നോ,
നാം അരികെയാണെന്നോ,
അകലെയാണെന്നോ,
അത് സൂചിപ്പിക്കുന്നില്ല.

ഇനി നിനക്കൂഹിക്കാവുന്ന
ഏറ്റവും വലിയ ദൂരങ്ങളെ,
രണ്ട് ഇമകളുടെ അടുപ്പത്തിലേയ്ക്ക് ചുരുക്കുക.
അനന്തതയിൽനിന്നും എന്റെ താരദീപ്തി,
നീ കണ്ണിലേക്ക് പകർത്തുക.
മിഴികൾ ഇറുക്കിയടച്ചു നിൽക്കുക;
നീ ധ്യാനത്തിലാണ്; നീ ധ്യാനമാണ്.

ഇപ്പോൾ നീയൊരു സ്ഫടികശില്പം പോലെ
സുതാര്യയാണ്; സുവ്യക്തയാണ്-
നിത്യതയുടെ നീലിമയാണ് ചുറ്റും.
നിന്നിലൂടെ നിലാവും, നിശാശലഭങ്ങളും,
മുത്തശ്ശിക്കഥകളും, പുള്ളുവൻപാട്ടും,
രാത്രിമഴയും, താരാട്ടും
നിറഞ്ഞും, തുടിച്ചും,
കൊതിപ്പിച്ചും, ഒഴുകിയും,
പെയ്തും, തലോടിയും കടന്നുപോകുന്നു.
നീയെന്നിൽ നഷ്ടപ്പെടുന്നു,
ആ നഷ്ടത്തിൽ ഞാനും
അപ്രത്യക്ഷനാകുന്നു.

ഒരേനേരം നീയെനിക്കുള്ളിലും
ഞാൻ നിനക്കുള്ളിലുമാണ്;
നീയരൂപിയാണ്,
എന്റെ രൂപം നീയുമാണ്;
എങ്കിലും, ഞാൻ നീയോ,
നീ ഞാനോ അല്ല!

പ്രപഞ്ചത്തിന്റെ ഉല്പത്തിയ്ക്കും
അപ്പുറമാണ് നീയും ഞാനും-
ഒരുമിച്ച് വസിക്കുന്നവർ;
അപാരതയിൽ ഒളിപ്പിച്ചുവച്ച
ഓംകാരത്തിന്റെ ശംഖിൽ
നിറഞ്ഞിരിക്കുന്നവർ.







ഫേസ്ബുക്ക് :  https://www.facebook.com/ayyappan.aacharya

5 comments:

  1. വളരെ നന്ദി

    ReplyDelete
  2. ആചാര്യയുടെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിത .. ഒന്നില്‍ കൂടുതല്‍ പ്രാവശ്യം വായിക്കേണ്ടി വന്നു ഇതിനെ മൊത്തമായി മനസിലാക്കാന്‍.. ആശംസകള്‍ :)

    ReplyDelete
  3. സ്നേഹിക്കുന്നു ഈ കവിതയെ

    ReplyDelete