മടക്കം

(ജിയാഷ് സിദ്ധീക്ക്)


സായന്തനമായ്, മണ്‍ചിരാതുകളില്‍ 
മേഘരൂപികള്‍ തിരി തെളിയിക്കും നേരം 
സ്വാതന്ത്ര്യത്തിന്‍ അസ്തമയമെന്ന സത്യം
ഓര്‍മയിലെഴുതിയത് മറവിയാല്‍ മായ്ച്ച്, 
കാതോരം കിന്നരിച്ച് കുലുങ്ങിച്ചിരിച്ചുലഞ്ഞ് 
നീന്തിയകലുന്ന താറാവിന്‍ കൂട്ടം. 

ഈ സ്വാതന്ത്ര്യലബ്ധി ഒറ്റക്കാല്‍ തപസ്സിന്‍ വരപ്രാപ്തി. 
മുട്ടോളമെത്തുന്ന മഴവെള്ളത്തില്‍ തന്‍റെ പച്ചപ്പാവാട നനയാതെ പെരുവിരലൂന്നി നിന്നാ നെല്‍ച്ചെടിപ്പെണ്‍കൊടി 
അര്‍ക്കഗോളത്തി-ന്നാരക്കാലുകള്‍ നോക്കി നെടുവീര്‍പ്പിട്ടു, 
പതിയെ കൈവീശി യാത്രാമൊഴിയോതി. 

ഒരു പിന്‍വിളിയുടെ നൊമ്പരത്തില്‍
അശ്രുകണങ്ങള്‍ പൊഴിഞ്ഞു വീണുയര്‍ന്ന കുഞ്ഞോളങ്ങള്‍ തന്‍ മൂകസാക്ഷ്യം. പകലവസാനിക്കും മുന്പെ വിളിക്കാതെ വന്ന സന്ധ്യ. 

മാനം ഇരുണ്ടു തുടങ്ങി മറ്റൊരുദയത്തിനായ് , 
പക്ഷെയിനി മഴയില്ല ജലത്തിന്നേറ്റക്കുറച്ചിലുകളും 
പച്ച പുതച്ച പാടവുമില്ല. 

മറ്റേതോ സമുദ്രം പിന്‍വാങ്ങി ഉയര്‍ന്ന 
മണല്‍പാടങ്ങളും ഉപ്പുമണം വിയര്‍ക്കുന്ന 
തിളച്ച കാറ്റും മാത്രം. മടക്കം അനിവാര്യം. സായന്തനമായ്, 
സ്വാതന്ത്ര്യത്തിന്‍ അസ്തമയവും.

No comments:

Post a Comment