കാത്തു വെച്ചില്ല

(ആര്‍ഷ അഭിലാഷ്)


കടല്‍ കടന്നു മല നടന്നു 
പന്തം കൊളുത്തി പോകുക മകനെ

പുഴ കാണുക ചുഴി കാണുക
പഞ്ചാര പൊഴിയുന്ന മണല്‍ത്തിട്ട കാണുക

പൂ മണക്കുക കായ് പറിക്കുക കിളിയോടൊപ്പം
കവി പാടിയ പോലൊരു എതിര്‍പാട്ട് പാടുക

അറിയാം-ചെടിയെ കുറിച്ചെഴുതി പൂക്കളെ
കുറിച്ചെഴുതി തടുത്തിട്ടും എത്തുന്ന വസന്തങ്ങളെ
കുറിച്ചെഴുതി ഒരു കുഞ്ഞു വിത്താ മണ്ണില്‍ നട്ടില്ല !

പുഴയെഴുതി, മഴയെഴുതി തിളങ്ങുന്ന
തണ്ണീരിന്‍ കിണറിനെയെഴുതി .
കാത്തു വെച്ചില്ലൊരു കുഞ്ഞിക്കുടം പോലും
കാലം തെറ്റിയെങ്കിലും പെയ്യുമാ മഴ കൂട്ടി വെയ്ക്കാന്‍ !

മലയെഴുതി മണലെഴുതി
കരിമ്പാറ കെട്ടുകളെഴുതി
വയല്‍വരമ്പോടിയ കഥകളെഴുതി
ഞാന്‍, മകനൊരു കഥയ്ക്കുള്ള കടലാസ് കരുതിയില്ല .

ഒരു മണം നല്‍കാന്‍ ഒരു പൂ കാത്തു വെച്ചില്ല
ദാഹമെന്നോതുമ്പോള്‍ നല്‍കാനൊരിറ്റു ജലം
ഒരു കളിവീടിനോരല്‍പ്പം മണലും കുഞ്ഞു തിട്ടയും
ചാടിക്കടക്കാനൊരു വയല്‍ വരമ്പീറന്‍ ,
കരുതീലയെങ്കിലും
പോയ്‌ വരികെന്റെ മകനെ എന്നെ ഞാനാക്കും മണ്ണില്‍

4 comments:

  1. നല്ലൊരു കവിത ...പൊതുവേ കവിതകളില്‍ ഇപ്പോള്‍ കവിത്വം കുറവാണ് ..പക്ഷെ ഇതില്‍ അത് കണ്ടു ...സന്തോഷം ...

    ReplyDelete
    Replies
    1. നന്ദി ദീപാസേ :) സന്തോഷം ട്ടോ ഇങ്ങനെ കേള്‍ക്കുമ്പോള്‍

      Delete
  2. അറിയാം-ചെടിയെ കുറിച്ചെഴുതി പൂക്കളെ
    കുറിച്ചെഴുതി തടുത്തിട്ടും എത്തുന്ന വസന്തങ്ങളെ
    കുറിച്ചെഴുതി ഒരു കുഞ്ഞു വിത്താ മണ്ണില്‍ നട്ടില്ല !
    ... good one.

    ReplyDelete