നിശാഗന്ധി പൂത്തപ്പോള്‍

(ശ്രുതി പ്രശാന്ത്)


പ്രണയനിലാവില്‍ കുളിച്ചീറനോടെ
നില്ക്കുകയായിരുന്നു ധരണിയന്ന്

ആ ഇരുണ്ട വീഥിയിലെന്‍റെ
പതിഞ്ഞ കാലൊച്ചയവര്‍ കേട്ടില്ല

നിലാവിന്റെ കണ്ണുവെട്ടിച്ച്‌
ഞാന്‍ നടത്തം തുടര്‍ന്നു

അവളുടെ വീടിനെ ലക്ഷ്യമാക്കി
ആരംഭിച്ച യാത്ര ഉന്നം പിഴച്ചു വഴി
ചോദിക്കാനായി വീണ്ടും നടന്നു

ആല്‍ത്തറയിലാരേയും ശ്രദ്ധിക്കാനാവാതെ
ആശ്ലേഷിച്ചു നില്‍ക്കുകയാണ്
ചെമ്പകമരവും മുല്ലവള്ളിയും
വഴിചോദിക്കാന്‍ തോന്നിയില്ല.

കുളത്തിലെ അലക്കുകല്ലിനരികെ രണ്ട് തവളകള്‍
തമ്മില്‍ത്തമ്മില്‍ വെള്ളം തെറുപ്പിക്കുന്നുണ്ടായിരുന്നു
എന്നെ കണ്ടതുകൊണ്ടാകണം
അവരാ കുളത്തില്‍ ഊളിയിട്ടത്.

ഉറക്കം നഷ്ടപ്പെട്ടലയുന്ന ഒരു സര്‍പ്പം
അതു വഴി വന്നു വഴിചോദിക്കാന്‍
അടുത്തെത്തിയതും ഇരുട്ടിന്‍റെ മൂടുപടം
അവളെ കോരിയെടുത്ത് ചുംബിച്ചു

കാറ്റിനൊപ്പം പ്രണയലീലകളില്‍ മുഴുകിയ
ഒരപ്പൂപ്പന്‍ത്താടിയെയും നിഴലില്‍
മാറിമറിയുന്ന ചെടികള്‍ക്കിടയില്‍
പരസ്പരം ചുംബിക്കുന്ന രണ്ടടയ്ക്കാമരങ്ങളെയും
കണ്ടു

ആരോടും ഒന്നും ചോദിക്കാനെനിക്കായില്ല
അകലെ രണ്ടു തീക്ഷ്ണക്കണ്ണുകള്‍ അവ മാറിമാറി
പ്രകാശിച്ചിരുന്നു കൊഞ്ചി പിണങ്ങിയിരിക്കുന്ന
രണ്ട് മിന്നാമിനുങ്ങുകള്‍ എനിക്കുചുറ്റും നൃത്തം ചെയ്തു

കണ്ണുചിമ്മി തുറന്നപ്പോഴേക്കും
യാത്ര ചോദിക്കാതവര്‍ ഓടിപ്പോയി

നാസികയെ തേടിയെത്തിയ പരിമളം
അതെന്നെ അവളുടെ വീട്ടുപടിക്കലെത്തിച്ചു
വേലിക്കരികില്‍ നിന്നെത്തി നോക്കിയാ നിശാഗന്ധിപ്പൂ
എന്നോട് മന്ത്രിച്ചു ഭൂമി പ്രണയിക്കുകയാണെന്ന്...
കൈക്കുമ്പിള്‍ നിറയെ പ്രണയസുഗന്ധം
കോരിയെടുത്ത് ഞാന്‍ തിരികെ നടന്നു.

No comments:

Post a Comment