പിറന്നാള്‍

(നീതു ജോസഫ് )

 

 

ഓരോ ജന്മദിനവും
ഓരോ പുത്തന്‍ പ്രതീക്ഷകളാണ്
ആശംസകള്‍ക്കായുള്ളത്
സമ്മാനപ്പൊതികള്‍ക്കായുള്ളത്
രുചിക്കൂട്ടുകള്‍ക്കായുള്ളത്
ആയുസ്സില്‍ ഒന്ന് കുറയുമ്പോഴും
അടിത്തട്ടില്‍ ആശങ്കകള്‍ക്കു പിറവിയില്ല

പുകയുന്ന കനലുകള്‍ക്കും
തകരുന്ന സ്വപ്നങ്ങള്‍ക്കും
തുളവീണ ഹൃദയത്തിനും ഇവിടെ സ്ഥാനമില്ല

മറിച്ച് അമ്മയുടെ വാല്‍സല്യപൂര്‍വ്വമായ
ചുംബനത്തിനും കൂടെപ്പിറപ്പുകളുടെ സ്നേഹവായ്പ്പുകള്‍ക്കും സ്നേഹിതരുടെ ഒത്തുചേരലിനുമാണ് സ്ഥാനം

മനോവ്യഥകളെ മറവിക്കു വില്‍ക്കണം
തനിച്ചാക്കിയ ഇഷ്ട്ടങ്ങള്‍ക്ക്
നേരെ ഹൃദയവാതില്‍ കൊട്ടിയടക്കണം

കണ്ണുകളെ ഉപ്പുനീരുറവയില്‍
നിന്നും കര കയറ്റണം

സ്ഥാനം കല്‍പ്പിക്കാത്ത പ്രിയപ്പെട്ടവര്‍ക്കായി
ഒരു നിറപുഞ്ചിറിയെങ്കിലും പൊഴിക്കണം

അവസാനം നിറം മങ്ങിയ
എന്റെ മധുര സ്മരണകളെ ചായക്കൂട്ടിനാല്‍
വര്‍ണ്ണാഭമാക്കണം എന്നില്‍ ഇനിയെങ്കിലുമൊരു മാറ്റം സൃഷ്ടിക്കണം

1 comment: